Sunday, April 18

ഞങ്ങളുടെ പ്രിയപ്പെട്ട ദേവി









എന്റെ ഹയര്‍സെക്കണ്ടറി സ്കൂള്‍ ജീവിതത്തിനിടയില്‍ കണ്ടു മുട്ടിയ ഞങ്ങളുടെ എല്ലാം പ്രിയപ്പെട്ട കൂട്ടുകാരി, എന്റെ പ്രിയ സഹോദരി.  സ്വപ്നങ്ങളുടെയും അക്ഷരങ്ങളുടെയും  കൂട്ടുകാരി, ജീവിതത്തെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടും ലക്‍ഷ്യങ്ങളും ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടി. അദ്ധ്യാപകരായ അച്ഛനമ്മമാരുടെ സുന്ദരിയായ ഏക മകള്‍ “ദേവി പ്രിയ”

ഒന്നാം വര്‍ഷത്തിന്റെ അവസാന നാളുകളില്‍ ആണു ഞങ്ങള്‍ പരിചയപ്പെടുന്നതു. സ്കൂള്‍ സുവര്‍ണ്ണജൂബിലിയുടെ ഭാഗമായി പുറത്തിറക്കുന്ന സ്മരണികയില്‍ അവളുടെ കവിതയ്ക്കു അനുയോജ്യമായ ഒരു ചിത്രം വരച്ചു നല്‍കണം എന്ന അഭ്യര്‍ത്ഥനയുമായാണു ദേവി ആദ്യമായി എന്നെ സമീപിക്കുന്നതു. ഒരു പച്ച നിറത്തിലുള്ള ഫയല്‍ എനിക്കു നേരെ നീട്ടിയിട്ടു അവള്‍ പറഞ്ഞു

 “ ഇതില്‍ ഒരു കടലാസില്‍ ഞാന്‍ കുറച്ചു വരികള്‍ എഴുതിയിട്ടുണ്ടു, എനിക്കു അതിനു യോജിക്കുന്ന ഒരു ചിത്രം കൂടി വേണം.  ഞാന്‍ പെന്‍സില്‍ കൊണ്ടു എന്താണു വരക്കേണ്ടതെന്നും എവിടെയാണെന്നും എഴുതിയിട്ടു. കഴിവതും നേരത്തെ ചെയ്തു തരണം.”

ഒരഹങ്കാരിയുടെ അഭ്യര്‍ത്ഥന ആണോ ഇതു,  തികച്ചും അഹങ്കാരം നിറഞ്ഞ അവളുടെ വാക്കുകള്‍ എനിക്കത്ര   രസിച്ചില്ല, എങ്കില്‍ പോലും സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ചു അടുത്ത ദിവസം തന്നെ ഞാന്‍ ചിത്രം പൂര്‍ത്തിയാക്കി അവള്‍ക്കു കൊടുത്തു. ഒരു നന്ദി പോലും പറയാതെ അന്നവള്‍ അതും വാങ്ങി നടന്നകന്നു. രണ്ടു ദിവസങ്ങള്‍ക്കു ശേഷം  യാദൃശ്ചികമായി ഒരു കണ്ടുമുട്ടല്‍. എനിക്കു നേരെ ഒരു കുറിപ്പു നീട്ടിയിട്ടു പറഞ്ഞു “ ചിത്രത്തെക്കുറിച്ച് എനിക്കു പറയാന്‍ ഉള്ളതു ഒക്കെ ഇതില്‍ ഉണ്ടു“. ഒരു നന്ദി പറച്ചിലിനുപരി ഒരു കലാകാരിയുടെ അംഗീകാരം അതായിരുന്നു ആ കുറിപ്പില്‍, ദേവിയെ എല്ലാവരില്‍ നിന്നും വ്യത്യസ്ത ആക്കിയതും ഇത്തരം ചെറിയ കുറിപ്പുകള്‍.  തന്റെ ഇഷ്ടങ്ങളും പരിഭവങ്ങളും മറ്റുള്ളവരെ ചെറിയ കുറിപ്പുകളില്‍ കൂടി അറിയുക്കുന്ന തികച്ചും വ്യത്യസ്തയായ ഒരു കൊച്ചു മിടുക്കി.  എല്ലാവരുടെയും നല്ല സുഹൃത്ത്. എന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരി, അതിലുപരി എന്റെ പ്രിയപ്പെട്ട സഹോദരി.

സ്കൂള്‍ ജീവിതത്തില്‍ വിടവാങ്ങലിന്റെ വേദന അറിയിച്ചു കൊണ്ടു  അവസാന വര്‍ഷ പരീക്ഷയും എത്താറായി എല്ലാവരും ഓട്ടോഗ്രാഫ് എഴുതുന്നതിന്റേയും മറ്റ് പരീക്ഷാ തയ്യാറെടുപ്പുകളുടേയും തിരക്കില്‍.

ഒരു ദിവസം തികയില്ല നിനക്കുവേണ്ടി എന്തെങ്കിലും എഴുതാന്‍ എന്ന ചിരി കലര്‍ന്ന പരിഭവത്തോടെ ദേവി എന്റെ ഡയറി  വാങ്ങി വീട്ടില്‍ കൊണ്ടു പോയി, ഞാന്‍ അവളുടേതും. ശനിയും ഞായറും ഞാന്‍ അതു തുറന്നതല്ലാതെ എനിക്കു ഒന്നും എഴുതാന്‍ പറ്റിയില്ല. അല്ലെങ്കില്‍ എന്തിനാ ഒരു ഓട്ടോഗ്രാഫ് അവള്‍ ദൂരെ അല്ലല്ലോ. ഇനി പിരിയാനും പോന്നില്ല.ഒന്നും എഴുതാതെ ഞാന്‍ തിങ്കളാഴ്ച സ്കൂളില്‍ എത്തി. ഏ റെ വൈകിയിട്ടും അവള്‍ വന്നില്ല. ഉച്ചയോടെ ആണു ഞങ്ങള്‍ അറിഞ്ഞതു ദേവിക്കും അച്ഛനും ആക്സിഡന്റ് പറ്റി. അന്നു പതിവില്ലാതെ അവള്‍ രാവിലെ അമ്പലത്തില്‍ പോകാന്‍ അച്ഛനെയും കൂട്ടി ഇറങ്ങി. അമ്പലത്തില്‍ നിന്നും സ്കൂളിലേക്കു വരുന്ന വഴി ഏതോ ഓട്ടോയുമായി അവരുടെ സ്കൂട്ടര്‍ കൂട്ടിമുട്ടി. വാര്‍ത്ത അറിഞ്ഞ ഉടനെ ഞങ്ങള്‍ ഹോസ്പിറ്റലിലേക്കു പോയി. ആര്‍ക്കും ഒന്നും വരുത്തരുതെ എന്ന പ്രാര്‍ത്ഥനയോടെ. പക്ഷേ  അവസാനമായി ഒന്നു കാണാന്‍ കഴിയുന്നതിനു മുന്‍പേ ഞങ്ങളെ എല്ലാവരേയും വിട്ടു അവള്‍ ഈ ലോകത്തുനിന്നും പോയിരുന്നു. ഒരുപാടു സ്വപ്നങ്ങള്‍ ബാക്കിയാക്കി.

ഒരു മാസത്തിനു ശേഷം  ഞാന്‍ ദേവിയുടെ വീട്ടില്‍ പോയി ആ അച്ഛനേയും അമ്മേയേയും കാണാന്‍. കരഞ്ഞു കലങ്ങിയ കണ്ണുമായി എന്റെ മുന്നില്‍ നിക്കുന്ന അവരെ കണ്ടപ്പോള്‍ ഞാനും അറിയാതെ കരഞ്ഞു പോയി.  ദേവിയുള്ളപ്പോള്‍ ഉള്ള ആ വീടല്ല ഇന്നു അതു. തികച്ചും ഒരു ശൂന്യത. അമ്മ എന്നെ ദേവിയുടെ മുറിയില്‍ കൂട്ടിക്കൊണ്ടു പോയി. ആ മുറിയില്‍ അവളുള്ളതു പോലെ ഒരു തോന്നല്‍. ദേവി വാങ്ങിക്കൊണ്ടു പോയ എന്റെ ഡയറി തുറന്നു അമ്മ എനിക്കു നേരെ നീട്ടി. അതില്‍ അവസാന താളില്‍ അവള്‍ ഇങ്ങനെ എഴുതിയിരുന്നു.


“കൊഴിഞ്ഞു വീണീടുമൊരിക്കല്‍ ഞാനീ മണ്ണില്‍ ..
.അന്നു നീയെന്‍ ഇതളുകള്‍ നിന്‍ ഓര്‍മ്മയില്‍ പേറീടണം ..
ഉണങ്ങി കറുത്തെന്‍ നിറം മങ്ങിയാലും “

അടുത്ത ജന്മത്തില്‍ ഒരമ്മയുടെ മക്കളായി ജനിക്കേണമേ എന്ന പ്രാര്‍ത്ഥനയോടെ സ്വന്തം ദേവി...

വായിച്ചു കഴിയും മുന്‍പേ ഞാന്‍ ആ അമ്മയെ കെട്ടിപിടിച്ചുറക്കെ കരഞ്ഞു. എല്ലാം മുന്നില്‍ കണ്ടിട്ടാണോ അവള്‍ ഇങ്ങനെ എഴുതിയതു? എല്ലാം അറിഞ്ഞിരുന്നെങ്കില്‍ എന്തിനാണു ഞങ്ങളെ വിട്ടു പോയതു ? എവിടെ ആണെങ്കിലും നന്മ മാത്രം വരണേ എന്നു ഞാന്‍ എന്നും പ്രാര്‍ത്ഥിക്കുന്നു.  അടുത്ത ജന്മത്തില്‍ ഞങ്ങളുടെ ദേവിയായി നീയുണ്ടാവും എന്ന പ്രതീക്ഷയോടെ .....

Related Posts Plugin for WordPress, Blogger...

About Me

My photo
ചായങ്ങൾ ഉണങ്ങിപ്പിടിച്ച ഒരു കാലത്തിന്റെ ഓർമ്മയ്ക്കായ് ...

Followers