Friday, June 4

നിവിനേ നീ അറിയുമോ എന്നെ - ഒരു കസ്റ്റമൈസ്ഡ് കവിത


വിടെ കോളേജുതന്‍ ഒരു കോണിലരിയ സിവില്‍-
ബ്ലോക്കില്‍ ഞാന്‍ മേവുമൊരു പാവം..
നിവിനേ നീ എന്നെ അറിയില്ലാ ..

ഇവിടെ കോളേജുതന്‍ ഒരു കോണിലരിയ സിവില്‍-
ബ്ലോക്കില്‍ ഞാന്‍ മേവുമൊരു പാവം
നിവിനേ നീ എന്നെ അറിയില്ലാ .. 

ശബളമാം ലാച്ച  ഞൊറികള്‍ ചുഴലുന്ന കാലുകള്‍.. 
കോളേജു പടവില്‍ കള ശിഞ്ചിതം പൊഴിക്കേ 
തോളിന്മേല്‍ തൂങ്ങുന്ന ലീയുടെ ബാഗുമായി ..
മിഴികളില്‍ ഗാര്‍ണിയര്‍ ലൈനറു ചാര്‍ത്തി
ടെസ്റ്റെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുമ്പില്‍ ഒരു നാളുമെത്തിയിട്ടില്ലാ...
നിവിനേ നീ എന്നെ അറിയില്ലാ ...

വിരസ ഡ്രോയിംഗ് പിരീഡുതന്‍ അലസതകളില്‍ പാതി മയങ്ങി തളര്‍ന്നു മിഴി കൂമ്പി.. 
താടിക്കു നാട്ടിയ കൈനീട്ടി നിന്നോടു ഞാനെന്റെ ഡ്രാഫ്റ്ററു വാങ്ങിയിട്ടില്ലാ...
നിവിനേ നീ എന്നെ അറിയില്ലാ...

ക്യാന്റീനുള്ളില്‍ സ്റ്റോറിന്റെ മുന്നില്‍ നീ പഞ്ചാര വില്‍ക്കുമ്പോള്‍ ..
എഴുതി മുഴുമിക്കാതെ ഇളകി തെറിച്ചു റെക്കോഡു കീറി മറിഞ്ഞതോര്‍ക്കാതെ...
ലാബിലേക്കു പോകവേ  റിപ്പോര്‍ട്ടു മറന്നതും ഗ്രാഫ് പേപ്പര്‍ പോയതും കണ്ടിടാതെ..
കരയുന്ന എന്നെ പുറത്താക്കി അലറുന്ന ലാബസിസ്റ്റന്റിനെ കണ്ണിലറിയാതെ ..
എല്ലാം മറന്നു ഓടിയെത്തിയിട്ടില്ല ഞാന്‍ സ്കൂട്ടിയുമായി നിന്‍ ചാരേ
നിവിനേ നീ എന്നെ അറിയില്ലാ ..

അവസാന ബെല്ലൊച്ചയകലെ മാഞ്ഞീടവേ സ്കൂട്ടിയോടിച്ചു ഞാന്‍ തിരികെ വന്നു..
എന്റെ ഹോസ്റ്റല്‍ ചെറുമുറിയില്‍ റെക്കോഡിന്‍ പണികളില്‍ എന്റെ ജന്മം ഞാന്‍ തളച്ചു 
നിവിനേ നീ എന്നെ അറിയില്ലാ ..

നീ നീല ജീന്‍സിട്ടു നടുവില്‍ നില്‍ക്കേ ചുറ്റും ആലോലമാലോലമിളകി...
ആടിയുലയും ഇ സി സുന്ദരികള്‍തന്‍ ജാഡമോടികള്‍ മണ്ണിലൊഴുകുമ്പോള്‍
കുസൃതിനിറയും നിന്റെ കോമഡിയുടന്‍ മദധ്ര്യുതതാളമാര്‍ന്നു മുറുകുമ്പോള്‍..
ചലപിലാ ചിരിപൊട്ടിയുണരുന്ന പെണ്ണുങ്ങള്‍ കലഹമൊടിടഞ്ഞു ചിതറുമ്പോള്‍...
തട്ടമിട്ടതലകള്‍ കുരിശുകള്‍ ചന്ദനക്കുറികള്‍ ചുമ്പനങ്ങള്‍ വാരി വീശവെ..
അവിടെ ഞാന്‍ തട്ടമിട്ട് കളഭക്കുറിയണിഞ്ഞു ഒരു നാളും ആടിയിട്ടില്ല..
നിവിനേ നീ എന്നെ അറിയില്ലാ ..

അപര്‍ണ്ണയാം തോഴിവന്നു എന്‍ കാര്യം പ്രൊപ്പോസു ചെയ്തിട്ടില്ല...
ഉച്ചമയക്കത്തില്‍ ഇലക്ടീവു ക്ലാസില്‍ ഡ്രോയിംഗ് ഹാളിലെ ഫാനുകള്‍  തകര്‍ത്തു കറങ്ങുമ്പോള്‍.. 
അകലെ നിന്‍ പള്‍സറിന്‍ ഹോണൊച്ച കേള്‍ക്കുവാന്‍ ചകിതയായി ഇരുന്നിട്ടുമില്ലാ..
നിവിനേ നീ എന്നെ അറിയില്ലാ .

ഒരു നൂറു നൂറു റോസുതന്‍ ലഹരിയുണരും വാലന്റൈന്‍ നിലാവില്‍ ..
ഒരു നാളും ആ നീല പള്‍സറില്‍ ഞാനെന്റെ തലചായ്ചു നിന്നിട്ടുമില്ലാ..
നിവിനേ നീ എന്നെ അറിയില്ലാ ..

പോരൂ പ്രിയനായി..... പോരൂ പ്രിയനായി
എന്‍ കൂടെ അണയൂ പ്രിയനായി  എന്നെന്റെ അന്തരംഗത്തിലല ചേര്‍ക്കേ...
ഞാനെന്റെ ഹോസ്റ്റല്‍ മുറിയടച്ചു തഴുതിട്ടിരുന്നു ആനന്ദബാഷ്പം പൊഴിച്ചു.. 
ആരോരുമറിയാതെ നിന്‍ കളര്‍ ഫോട്ടോയെന്‍ ബാഗിലിട്ടടച്ചു...
നിവിനേ നീ എന്നെ അറിയില്ലാ ...

കരയുന്നു കോളേജു മുഴുവനും ..കരയുന്നു കോളേജു മുഴുവനും ..
നിവിനേ ..നീ പാസ്സ്‌ഔട്ട് ആകുന്നുവെന്നത്രേ..
ഫെയര്‍വെല്ലുമായി നിന്നെ യാത്രയാക്കാന്‍ എക്സാം ഫൈനല്‍ എക്സാം എത്തിയിങ്ങത്രേ ...

ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍ എന്‍ ഹോസ്റ്റലിന്‍ ഗേറ്റില്‍ നില്‍ക്കേ ..
ബൈക്കിന്‍ ചക്രഘോഷം ഹോണൊച്ച...ബൈക്കിന്‍ ചക്രഘോഷം ഹോണൊച്ച
ഞാനെന്റെ മിഴിപൊക്കി നോക്കിടും നേരം..
ലൌ ചിന്നമൊട്ടിച്ച ബൈക്കില്‍ നീ നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു..
കരയുന്നു കൈ നീട്ടി ഗേള്‍ഫ്രെണ്ട്സ് കേണു നിന്‍ പിറകേ കുതിക്കുന്നു ജൂനിയേര്‍സ്
തിരുമിഴികള്‍  രണ്ടും കലങ്ങി ചുവന്നു നീ അവരെ തിരിഞ്ഞു നോക്കുന്നു... 
ഒരു ശിലാബിംബമായി മാറി ഞാന്‍ മിണ്ടാതെ കരയാതെ മൊബൈല്‍ നമ്പറുമായി നില്‍ക്കേ...
അറിയില്ല നീ എന്നെ എങ്കിലും നിവിനേ നിന്‍ ബൈക്ക് എന്‍ ഹോസ്റ്റലിനു മുന്നില്‍-
ഒരു മാത്ര ബ്രേക്കിടുന്നു..

പോലീസ് ഗോഗിള്‍സണിഞ്ഞൊരാ മിഴികളെന്‍ മിഴികളെന്‍ നേര്‍ക്കു  ചായുന്നു..
ഓഫറിനാലാകെ തളര്‍ന്നൊരാ ദിവ്യമാം  സിമ്മെനിക്കായി നല്‍കുന്നു ...
നിവിനേ നീ  അറിയുമോ എന്നെ...നിവിനേ നീ അറിയുമോ എന്നെ... നീ അറിയുമോ എന്നെ..

Wednesday, June 2

പേരില്ലാ ചിത്രം



മിലിന്ദ് മുലിക് എന്ന പ്രശസ്ത ചിത്രകാരന്റെ ചിത്രങ്ങളില്‍ ഒന്നു പുനസൃഷ്ടിച്ചതു.


ഉപയോഗിച്ചിരിക്കുന്നതു ഫോട്ടോഷോപ്പ് Water Colour Brushes Vol. 1  

Friday, May 7

പ്രേത യക്ഷന്‍

ഞാന്‍ ജനിക്കുന്നതിനു മുന്‍പേ ഒരുപാടു കഥകള്‍ കൊണ്ടു പ്രശസ്തമായ ഒരു സ്ഥലം. ഞങ്ങളുടെ സ്വന്തം ഇല്ലപ്പറമ്പ്. ഞങ്ങള്‍ക്കു  ചീട്ടുകളിക്കാന്‍, ചേട്ടന്മാര്‍ക്കു “ചാത്തന്‍ സേവ“ നടത്താന്‍, ഒഴിവു സമയങ്ങളില്‍ ഞങ്ങള്‍ ഒത്തു കൂടിയിരുന്ന നാട്ടിലെ എന്റെ പ്രിയപ്പെട്ട ഒരിടം. വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന അറയും നിരയും ഉള്ള  വളരെ പഴയ ഒരു വീടും അതിനു ചുറ്റും മാവ്, പ്ലാവ്, തെങ്ങ്, രണ്ടു മഞ്ചാടി മരം എന്നിങ്ങനെ വിവിധ ഇനം വൃക്ഷലതാദികള്‍ നിറഞ്ഞ ഏതാണ്ടു ഒന്നര ഏക്കര്‍ വരുന്ന ഒരു കൊച്ചു പൂങ്കാവനം. പൂങ്കാവനത്തിനു മാറ്റു കൂട്ടാന്‍ വലിയ രണ്ടു പാലയും നാലു യക്ഷി പനകളും  !!! 

ഈ വലിയ പറമ്പിനു പിന്നില്‍ വിശാലമായ പാട ശേഖരവും, ഇരു വശങ്ങളിലായി നാട്ടിലെ രണ്ടു അച്ചായന്മാരുടെ റബ്ബര്‍ എസ്റ്റേറ്റ്. മുന്‍ ഭാഗത്തായി ചെറിയ ഒരു വഴി. തികച്ചും ഒറ്റപ്പെട്ട ഒരിടം. എന്തുകൊണ്ടും ചീട്ടുകളി, വെള്ളമടി* എന്നീ വിനോദങ്ങള്‍ക്കു പറ്റിയ പ്രദേശം. ഇവിടേക്കു ആരും അങ്ങനെ വരാറില്ല. ഇനി വരുന്നു എങ്കില്‍ തന്നെ പശുവിനോ ആടിനോ പുല്ലറക്കാന്‍ വരുന്ന ചേച്ചിമാര്‍ മാത്രം. അതും ആ പരിസരപ്രദേശത്തു ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള ആരുടെ എങ്കിലും വാഹനം കണ്ടാല്‍ മാത്രമേ പുല്ലറക്കാന്‍ പോലും ആളുകള്‍ ആ പറമ്പില്‍ കേറിയിരുന്നുള്ളു. പകല്‍ പോലും ആളുകള്‍               ( ഞങ്ങള്‍ ഒഴികെ ) കയറാന്‍ മടിക്കുന്ന  പ്രേത ബാധ ഉണ്ടു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം.  പൊതുവേ ദുര്‍മരണങ്ങള്‍ നടന്ന വീടുകളെ പറ്റി പ്രചരിക്കുന്ന കഥകള്‍ പോലെ തന്നെ  മൂന്നു ദുര്‍മരണങ്ങള്‍ നടന്ന ഞങ്ങളുടെ ഇല്ലപ്പറമ്പിനെ പറ്റിയും കഥകള്‍ വളരെ പണ്ടു മുതല്‍ക്കേ സൂപ്പര്‍ ഹിറ്റായി ഓടിയിരുന്നു !!

 വളരെ അടുത്ത കാലത്തു പ്രേതം ദര്‍ശനഭാഗ്യം കൊടുത്തനുഗ്രഹിച്ചതു ഞങ്ങളുടെ സംഘത്തിലെ  ലാറ സജിത്തിനു. നാട്ടിലെ പ്രധാന ഇടം കൈയന്‍ ബാറ്റ്സ്മാന്‍. പ്രത്യേകിച്ചു പണി ഒന്നും ഇല്ലാത്ത ലാറ ഒരിക്കല്‍ എവിടെയോ പോയി പാതിരാത്രി തിരികെ കൂടണയാന്‍ വരുന്ന വഴി. പേടി കൊണ്ടു കണ്ണടച്ചു നടന്നതു കൊണ്ടാണോ എന്നറിയില്ല ഇല്ലപറമ്പിന്റെ മെയിന്‍ ഗേറ്റ് എത്തിയതും  അവന്റെ ലൂണാര്‍ ചെരിപ്പ് തുളച്ചു എന്തോ കാലില്‍ തറച്ചു കയറി. ലാറക്കു യക്ഷിയുടെ യോര്‍ക്കര്‍ !! അടി മുടി  മരവിച്ചുപോയ അവന്‍  ബോധക്കേടിന്റെ വക്കിലെത്തിയപ്പോഴാണു ആ കാഴ്ച അവനു ഉണര്‍വ്വേകിയതു. ഇല്ലത്തിന്റെ ഉമ്മറപ്പടിയില്‍ ഒരു പെണ്‍കുട്ടി ലാറയെ തുറിച്ചു നോക്കി നില്‍ക്കുന്നു. കാലില്‍ കൊണ്ട മാരണം ഊരാന്‍ നില്‍ക്കാതെ അവന്‍ ബോധം പോകുന്നതു വരെ ഒരു മാരത്തോണ്‍ ഓട്ടം യക്ഷിക്കു മുന്നില്‍ കാഴ്ചവെച്ചു.

പുലര്‍ച്ചെ പത്രമിടാന്‍ പോയ പയ്യന്‍ ആണു വിറങ്ങലിച്ച ലാറയുടെ ശരീരം അടുത്തുള്ള കൈതക്കാടിനു സമീപത്തു നിന്നും കണ്ടെത്തിയതു. കുറച്ചു പരിക്കുകള്‍ ഉള്ളതിനാല്‍ ലാറയെ വിദഗ്ദ്ധ പരിശോധനക്കായി അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി. സംഭവമറിഞ്ഞ ഞങ്ങള്‍ രാവിലെ തന്നെ ആശുപത്രിയിലെത്തി. അവിടെ കണ്ട കാഴ്ച ഭീകരമായിരുന്നു.

“സെറീനാ വില്യംസ് ഫെയര്‍ ആന്‍ഡ് ലൌലി ഇട്ടതുപോലെ വിളറി വെളുത്തും കണ്ണുകള്‍ പുറത്തേക്കു തള്ളിയ നിലയിലും കിടക്കുന്ന ഞങ്ങളുടെ ലാറ”

“പ്രേതം ലവനു വരം കൊടുത്തെടാ!! നോക്കു അവന്‍ വെളുത്തു” പേടിച്ചു വെളുത്തു വിളറിയ അവനു കളര്‍ വന്നതു സഹിക്കാന്‍ വയ്യാതെ പൂക്കോയി അറിയാതെ പറഞ്ഞുപോയി.  കട്ടിലിനരികില്‍ ഇരുന്നു കഞ്ഞിയുടെ ചൂടു കളയുന്ന ലാറയുടെ അമ്മ ഞങ്ങളെ ഒന്നു ഇരുത്തി നോക്കി. ആ നോട്ടത്തില്‍ എല്ലാം ഉണ്ടായിരുന്നു. ലാറ ഞങ്ങളുടെ മുഖത്തു ദയനീയ മായി നോക്കി കിടക്കുന്നു. 

“എന്താടാ പറ്റിയതു? ആരാ നിന്നെ പേടിപ്പിച്ചതു? നിന്നെ എങ്ങനെ ഇരുട്ടത്തു കണ്ടു ? നീ എങ്ങനെ കൈതക്കാട്ടില്‍ വന്നു? ഇന്നലെ അവിടെ വച്ചതും കാണാന്‍ ഇല്ലല്ലോ??” ബാക്കി ചോദിക്കുന്നതിനു മുന്‍പേ ആരോ മണ്ടന്‍ ലിബു വിന്റെ കാലില്‍ ചവിട്ടി. ഈ ചോദ്യങ്ങള്‍ക്കു ഉത്തരം തന്നതു ലാറയുടെ അമ്മ.

“നിന്നോടൊക്കെ പറഞ്ഞിട്ടില്ലേടാ കുരുത്തം കെട്ടവന്മാരേ ആ നശിച്ച സ്ഥലത്തു കേറി ഇറങ്ങി നടക്കരുതെന്നു. എല്ലാത്തിനും ഇങ്ങനെ ഓരോന്നു വരുമ്പോള്‍ നീ ഒക്കെ പഠിച്ചോളും” 

ചൂടു കഞ്ഞി മുഖത്തു ഒഴിച്ചതിനു തുല്യം !! ഞങ്ങള്‍ പതിയെ ലാറയുടെ അടുത്തു പോയി ഇരുന്നു. “ എന്താടാ പറ്റിയതു?  

“ ഇനി എന്നാ പറ്റാനാ. കാലിമ്മേ  എന്താ കൊണ്ടതെന്നു  ഒരു പിടുത്തോം കിട്ടുന്നില്ല. പക്ഷേ ഞാന്‍ നല്ലതു പോലെ കണ്ടു ആ പെണ്ണിനെ, നല്ല വെളുത്തിട്ട്, പനങ്കുല പോലെ മുടിയും ഉണ്ടായിരുന്നു. പ്രേത യക്ഷി തന്നാടാ !! പെട്ടന്നു എന്റെ അടുത്തു വരുന്നപോലെ തോന്നിയപ്പോള്‍, തോന്നിയതല്ല അടുത്തേക്കു തന്നെ വന്നപ്പോഴാടാ ഞാന്‍ കണ്ടതു കാലില്ലടാ ആ പുല്ലിനു. ഞാന്‍ ഓടി, എങ്ങോട്ടാണെന്നു ഓര്‍മ്മ ഇല്ല”

ലാറ പറഞ്ഞതൊക്കെയും സത്യമായിരിക്കുമോ? പ്രേതം തന്നെ ആണോ അതു ? മനസ്സില്‍ ഒരായിരം ചോദ്യങ്ങളുമായി ഞങ്ങള്‍ ഒരോരുത്തരും തിരികെ വീട്ടിലേക്കു മടങ്ങി.

 ************
രണ്ടു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഒന്നു രണ്ടു വെച്ചു കെട്ടുമായി ലാറയും വീട്ടിലേക്കു മടങ്ങി. ആഴ്ച ഒന്നു കഴിഞ്ഞിട്ടും ലാറ ആ ഷോക്കില്‍ നിന്നും പൂര്‍ണ്ണമായും മുക്തനായിരുന്നില്ല. വീണ്ടും ഒത്തുകൂടിയ സഭയില്‍ ലാറയെ പേടിപ്പിച്ച പ്രേത യക്ഷിയെ പറ്റിതന്നെ ആയിരുന്നു സംസാരം.

“ഇങ്ങനെ വെറുതെ കുത്തി ഇരുന്നാല്‍ മതിയോ, കളി തുടങ്ങണ്ടേ” ചീട്ടുകളി ആസ്ഥാന ചാമ്പ്യന്‍ ചാത്തന്‍ സുജിത്തിന്റെ ചോദ്യം.

എവിടിരുന്നു കളിക്കും? ഞാന്‍ ചോദിച്ചു .

"ഇല്ലപ്പറമ്പില്‍ തന്നെ !!!” ലാറ തന്നെ ആണോ ഇതു പറഞ്ഞതു എന്ന ആശ്ചര്യത്തോടെ ബാക്കി ഉള്ളവര്‍ അവന്റെ മുഖത്തു അമ്പരപ്പോടെ നോക്കി നിക്കുമ്പോള്‍ അവന്‍  ചീട്ട് എടുത്തു കാട്ടി അവന്റെ തൂവെള്ള പല്ല് പുറത്തിട്ടു!!!

“ഇവനു ഗ്ലൂക്കോസ് കയറ്റിയതിന്റെ തിളപ്പോ അതൊ ബാധ കേറിയതോ” ഞാന്‍ ഒരു കുമിള വിട്ടതേ ഉള്ളു മണ്ടന്‍ ലിബു കഴുത്തില്‍ കിടന്ന കൊന്തയിലെ കുരിശ് അവനു നേരെ നീട്ടി കാണിച്ചു കൊണ്ടു അടുത്തേക്കു ചെല്ലുന്നു !!!

“പേടി ഉള്ളവര്‍ ആരും വരണ്ടാ” ലാറ ചീട്ടുമായി മുടന്തി നടന്നു നീങ്ങി. പിറകേ ധൈര്യം സംഭരിച്ചു ഞങ്ങളും.

ഒരാഴ്ചത്തെ ഇടവേളക്കുശേഷം വീണ്ടും ആ വീടിന്റെ അടുക്കള കോലായി, ഞങ്ങളുടെ കളിസ്ഥലം സജീവമായി. പതിവുപോലെ പൂക്കോയി മൊബൈലില്‍ ഭക്തിഗാനം പ്ലേ ചെയ്തു കൊണ്ടു കളിസ്ഥലം ഭക്തിസാന്ദ്രമാക്കി. രാവിലെ ആരംഭിച്ച അങ്കം ഉച്ചയായിട്ടും ശക്തിയായി തന്നെ പുരോഗമിക്കുന്നു. സ്ഥിരം ഇരിപ്പിടമായ അടുക്കള വാതില്‍പ്പടിയില്‍ ഇരുന്ന എനിക്കു കുറച്ചു നേരമായി എന്തോ ഒരു ശബ്ദം വീടിനുള്ളില്‍ നിന്നും കേള്‍ക്കുന്നോ എന്നൊരു സംശയം !!!

“എന്തോന്നടാ ഇരുന്ന് നിരങ്ങുന്നതു, കളിക്കുന്നെങ്കില്‍ ഇവിടെ ശ്രദ്ധിക്ക്” മണ്ടന്‍ ലിബു

“ങേ ..ആ...ടാ എന്തോ ശബ്ദം അകത്തു നിന്നു കേള്‍ക്കുന്നുണ്ടോ” എന്തു ശബ്ദം എന്നു ചോദിച്ചു കൊണ്ടു പൂക്കോയി പാട്ട്  സ്റ്റോപ്പ് ചെയ്തതും അകത്തു നിന്നു ഭയങ്കരമായ ഒരു മുരള്‍ച്ച !!! ആദ്യം ഓടിയതു ഞാന്‍ ആണു. എന്നെ ഇടക്കു വച്ച് ഓവര്‍ടേക്ക് ചെയ്തു ലാറ ഫിനിഷിംഗ് പോയിന്റിലെത്തി.

“എന്തുവാടാ ആ കേട്ടതു” ലാറ വീണ്ടും മുഖത്തു ഫെയര്‍ ആന്‍ഡ് ലൌലി ഇട്ടു !! “ഇപ്പോ മനസ്സിലായല്ലോ പ്രേതം ആണെന്നു. എല്ലാത്തിനും വിശ്വാസം ആയല്ലോ”

“പ്രേതം !! മാങ്ങാത്തൊലി ഇതൊക്കെ ആരാടാ വിശ്വസിക്കുന്നതു. നിനക്കൊക്കെ ധൈര്യം ഉണ്ടോ ഇന്നു രാത്രി അവിടെ പോകാന്‍? പ്രേതം ഉണ്ടെങ്കില്‍ ഇന്നു കാണാം. നേരില്‍ കണ്ടിട്ടു മതി പ്രേതം യക്ഷി എന്നോക്കെ കിടന്നു വിളമ്പാന്‍” മണ്ടനും ധൈര്യശാലിയുമായ മണ്ടന്‍ ലിബുവിനുള്ളിലെ യുക്തിവാദി ആണു ആ ചോദ്യം ചോദിച്ചതു.

ആത്മാഭിമാനത്തിന്റെ പ്രശ്നം ആയതു കൊണ്ടു ബാക്കി ഉള്ളവരൊക്കെ തലയാട്ടിയും മൂളിയും സമ്മതം രേഖപ്പെടുത്തി. രാത്രി പത്തു മണിക്കു മണ്ടന്‍ ലിബുവിന്റെ വീട്ടില്‍ ഒത്തു കൂടണം എന്നു തീരുമാനിച്ച് എല്ലാവരും മടങ്ങി.

വീട്ടില്‍ ഒരു കളവു പറഞ്ഞു ഞാന്‍ പൂക്കോയിയേയും കൂട്ടി മണ്ടന്‍ ലിബുവിനെ വീട്ടില്‍ എത്തി. ഞങ്ങളേയും കാത്ത് ബാക്കി മൂന്നുപേരും അവിടെ എന്തൊക്കയോ പ്ലാന്‍ ചെയ്തു നില്‍പ്പുണ്ടായിരുന്നു.

“ ഇന്നാ ഇതു പിടിച്ചോ, രണ്ടുപേര്‍ക്കും കൂടെ ആണു” ലാറ എന്റെ കൈയില്‍ ഒരു കൊന്ത ഏല്‍പ്പിച്ചു.

കാര്യങ്ങള്‍ ഒക്കെ ഏകദേശം എനിക്കു പിടികിട്ടി. റ്റീം തിരിഞ്ഞുള്ള ഇന്‍‌വെസ്റ്റിഗേഷന്‍ !! ഞങ്ങള്‍ അങ്ങനെ ഇല്ലപ്പറമ്പില്‍ എത്തി. മണ്ടന്‍ ലിബുവിന്റെ നിര്‍ദേശപ്രകാരം അടുക്കള ഭാഗത്തോടു ചേര്‍ന്നുള്ള കുന്നിവള്ളികൾ പടർന്ന കയറിക്കിടക്കുന്ന മാവില്‍ ഞാനും പൂക്കോയിയും കയറി  ഇരുന്നു. തൊട്ടടുത്തുള്ള മറ്റൊരു മാവില്‍ തന്നെ ബാക്കി മൂന്നു പേരും. ഞങ്ങള്‍ ഏകദേശം നാലു മണിക്കൂര്‍ കൊന്തയില്‍ മുറുക്കിപ്പിടിച്ച് അവിടെ തന്നെ ഇരുന്നു. എന്നും പത്തുമണിക്കു നാലു ഉറക്കം കഴിയുന്ന എനിക്ക് ഉറക്കം എന്നതു എന്താണെന്നു പോലും അറിയാന്‍ കഴിയാത്ത അവസ്ത. പൂക്കോയി എന്തൊക്കയോ നാമ ജപം നടത്തുന്നതു എനിക്കു കേള്‍ക്കാമായിരുന്നു. അപ്പുറത്തുള്ള മരത്തിലും ഇതേ അവസ്ത. എന്തൊക്കയോ പിറുപിറുക്കുന്നു. ഇടക്കു ഫ്ലാഷ് ലൈറ്റ് മിന്നും പോലെ ലാറ ചിരിച്ചു കാണിക്കുന്നു.

പെട്ടന്നു ചീട്ടു കളിക്കളത്തില്‍ രാവിലെ നിവര്‍ത്തിയിട്ട ന്യൂസ് പേപ്പറിനു ഒരനക്കം. ഞാനും പൂക്കോയിയും കൊന്തയിലുള്ള പിടുത്തം മുറുക്കി !! ആരോ പേപ്പര്‍ മാന്തിക്കീറുന്നു, അങ്ങോട്ടും ഇങ്ങോട്ടും നിരക്കുന്നു.

“ഡാ.. എന്തുവാടാ അതു” ഞാന്‍ വളരെ ബുദ്ധിമുട്ടി ചോദിച്ചു. പൂക്കോയി ഒന്നും മിണ്ടുന്നില്ല. തൊട്ടു മുകളിലെ കൊമ്പില്‍ ഇരുന്ന അവന്റെ ശരീരത്തിന്റെ തണുപ്പ് എന്നെ തഴുകി കടന്നു പോയി. കൊന്തയില്‍ നിന്നുള്ള പിടി വിട്ട് ഞാനും പൂക്കോയിയും കൈകള്‍ കോര്‍ത്തു മുറുകെ പിടിച്ചിരുന്നു. അപ്പുറത്തെ മാവിലും അവസ്ത മറ്റൊന്നുമായിരുന്നില്ല. ആ അരണ്ട വെളിച്ചത്തില്‍ ചാത്തന്‍ സുജിത്തും ലാറയും കെട്ടിപിടിച്ചിരിക്കുന്നതും  മണ്ടന്‍ ലിബു എന്തോക്കയോ പോക്കറ്റില്‍ നിന്നും എടുക്കാന്‍ ശ്രമിക്കുന്നതും ഞാന്‍ കണ്ടു!!

"ശബ്ദം ഇല്ലാതായിരിക്കുന്നു”.  കൈവിട്ട ശരീരോഷ്മാവു വീണ്ടെടുത്ത ഞാന്‍ പതിയെ പറഞ്ഞു “ പൂക്കോയി വാടാ പോകാം”. പറഞ്ഞു തീരുന്നതിനു മുന്‍പ് വീണ്ടും പേപ്പര്‍ വലിച്ചു കീറുന്ന ശബ്ദം. മണ്ടന്‍ ലിബു പോക്കറ്റില്‍ നിന്നും എടുത്ത ടോര്‍ച്ച് പെട്ടന്നു അടുക്കള കോലായി ലക്‍ഷ്യമാക്കി പ്രകാശിപ്പിച്ചു. ആ വെളിച്ചത്തില്‍ ഞങ്ങള്‍ ആ കാഴ്ച കണ്ടു !!

പൂച്ച !! ഒന്നല്ല രണ്ടെണ്ണം . 


“പൂച്ചയാടാ ..ഹ ..ഹ..” ഇതു വരെ അനക്കം ഇല്ലാതിരുന്ന പൂക്കോയി വിളിച്ചു പറഞ്ഞു. എല്ലാവരും നിലത്തിറങ്ങി. രാവിലെ എന്തായിരിക്കും മുറിക്കുള്ളില്‍ നടന്നതെന്നു മനസ്സിലാക്കി തന്ന മണ്ടന്‍ ലിബു വീണ്ടും പ്രേതം, യക്ഷി എന്നതൊക്കെ വെറും അന്ധവിശ്വാസങ്ങള്‍ ആണെന്നും ക്ലാസ്സെടുത്തു. ഇല്ലപ്പറമ്പിലൂടെ പുറത്തേക്കുള്ള വഴിയിലേക്കു കടക്കുമ്പോള്‍ ആ കാഴ്ച കണ്ടു ഞങ്ങള്‍ വിറങ്ങലിച്ചു നിന്നു !!

വയല്‍ വരമ്പിലൂടെ ഒരു മഞ്ഞവെളിച്ചം നീങ്ങി വരുന്നു. അതു തൊട്ടടുത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു !! അടുത്തെത്തിക്കഴിഞ്ഞു !!! 


ഞങ്ങള്‍ അടുത്തു നിന്ന ഏതോ ഒരു മരത്തിന്റെ പിറകില്‍ മറഞ്ഞു നിന്നു. അറിയാതെ പോലും ഒരു ശബ്ദം പുറത്തുപോകാതിരിക്കാന്‍ ഞാന്‍ എന്റെ വായ മുറുകെ പൊത്തിപിടിച്ചു നിന്നു. അടുത്തു വരുന്തോറും മഞ്ഞ വെളിച്ചം ഒരു തീ ഗോളമായി മാറി. അവ്യക്തമായ ഒരു രൂപം തീഗോളം ആട്ടി ആട്ടി വരുന്നു. കണ്ണുകള്‍ മുറുക്കെ അടക്കണം എന്നുണ്ടെങ്കിലും പേശികള്‍ എല്ലാം മരവിച്ചു നില്‍ക്കുന്നതു കൊണ്ടാണോ എന്നറിയില്ല എന്റെ കണ്ണുകള്‍ എനിക്കടയ്ക്കാന്‍ കഴിഞ്ഞില്ല. പിടികിട്ടിയ കൈകളില്‍ ഒക്കെ ഞാന്‍ മുറുക്കെ പിടിച്ചു. തീ ഗോളവും ആ രൂപവും ഏകദേശം വ്യക്തമായി കാണുന്നത്ര ദൂരത്ത് എത്തിക്കഴിഞ്ഞു!!  വെളുത്ത ഖദര്‍ ഷര്‍ട്ടും മുണ്ടും ധരിച്ച പ്രേത യക്ഷന്‍!!! ആ പ്രേതത്തിന്റെ ഐഡന്റിറ്റി ആദ്യം മനസ്സിലാക്കിയ ലാറ പതിയെപ്പറഞ്ഞു “ ഡാ അതു നമ്മുടെ മെമ്പറാ.. ഫിലിപ്പ് സാര്‍ !” മെമ്പര്‍ പ്രേതം ഞങ്ങളുടെ അടുത്തു കൂടി ചൂട്ടും വീശി നടന്നു പോയി. അതും ആരും ഈ സമയത്തു ആരും   വരാന്‍ മടിക്കുന്ന ഇല്ലപ്പറമ്പിന്റെ അടുത്തുകൂടെ. മെമ്പര്‍ മെയിന്‍ റോഡിലെത്തും മുന്‍പേ ചൂട്ട് കെടുത്തി ഇരുട്ടില്‍ നടന്നകന്നു.

പ്രേത പിടുത്തം മതിയാക്കി വീട്ടിലേക്കു നടന്ന ഞങ്ങളുടെ മനസ്സു നിറയെ മെമ്പര്‍ ഫിലിപ്പ് ആയിരുന്നു. രാത്രിയിലെ സൂര്യനായ ബ്രൈറ്റ് ലൈറ്റിന്റെ കാലത്ത് അയാള്‍ എന്തിനു ചൂട്ടു ഇപ്പോഴും ഉപയോഗിക്കുന്നു ? സ്വന്തം വാര്‍ഡിലെ കാര്യം നോക്കാത്ത അയാള്‍ രാത്രി അടുത്ത വാര്‍ഡില്‍ പോകുന്നതെന്തിനു ? ഇയാളുടെ പൂര്‍വ്വികരാണോ ഞങ്ങളുടെ ഇല്ലപ്പറമ്പിനെ ഗോസ്സിപ്പുകളില്‍ പെടുത്തിയതു ?

 ഉത്തരം കിട്ടാത്ത ഒരു ചോദ്യം കൂടി സമ്മാനിച്ചുകൊണ്ടു ലാറ ചോദിച്ചു ....

“എന്നാലും എന്നെ പേടിപ്പിച്ചോടിച്ച ആ പ്രേത യക്ഷി ഏതാ??”






*മദ്യപാനം ആരോഗ്യത്തിനു ഹാനികരം.

Sunday, April 18

ഞങ്ങളുടെ പ്രിയപ്പെട്ട ദേവി









എന്റെ ഹയര്‍സെക്കണ്ടറി സ്കൂള്‍ ജീവിതത്തിനിടയില്‍ കണ്ടു മുട്ടിയ ഞങ്ങളുടെ എല്ലാം പ്രിയപ്പെട്ട കൂട്ടുകാരി, എന്റെ പ്രിയ സഹോദരി.  സ്വപ്നങ്ങളുടെയും അക്ഷരങ്ങളുടെയും  കൂട്ടുകാരി, ജീവിതത്തെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടും ലക്‍ഷ്യങ്ങളും ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടി. അദ്ധ്യാപകരായ അച്ഛനമ്മമാരുടെ സുന്ദരിയായ ഏക മകള്‍ “ദേവി പ്രിയ”

ഒന്നാം വര്‍ഷത്തിന്റെ അവസാന നാളുകളില്‍ ആണു ഞങ്ങള്‍ പരിചയപ്പെടുന്നതു. സ്കൂള്‍ സുവര്‍ണ്ണജൂബിലിയുടെ ഭാഗമായി പുറത്തിറക്കുന്ന സ്മരണികയില്‍ അവളുടെ കവിതയ്ക്കു അനുയോജ്യമായ ഒരു ചിത്രം വരച്ചു നല്‍കണം എന്ന അഭ്യര്‍ത്ഥനയുമായാണു ദേവി ആദ്യമായി എന്നെ സമീപിക്കുന്നതു. ഒരു പച്ച നിറത്തിലുള്ള ഫയല്‍ എനിക്കു നേരെ നീട്ടിയിട്ടു അവള്‍ പറഞ്ഞു

 “ ഇതില്‍ ഒരു കടലാസില്‍ ഞാന്‍ കുറച്ചു വരികള്‍ എഴുതിയിട്ടുണ്ടു, എനിക്കു അതിനു യോജിക്കുന്ന ഒരു ചിത്രം കൂടി വേണം.  ഞാന്‍ പെന്‍സില്‍ കൊണ്ടു എന്താണു വരക്കേണ്ടതെന്നും എവിടെയാണെന്നും എഴുതിയിട്ടു. കഴിവതും നേരത്തെ ചെയ്തു തരണം.”

ഒരഹങ്കാരിയുടെ അഭ്യര്‍ത്ഥന ആണോ ഇതു,  തികച്ചും അഹങ്കാരം നിറഞ്ഞ അവളുടെ വാക്കുകള്‍ എനിക്കത്ര   രസിച്ചില്ല, എങ്കില്‍ പോലും സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ചു അടുത്ത ദിവസം തന്നെ ഞാന്‍ ചിത്രം പൂര്‍ത്തിയാക്കി അവള്‍ക്കു കൊടുത്തു. ഒരു നന്ദി പോലും പറയാതെ അന്നവള്‍ അതും വാങ്ങി നടന്നകന്നു. രണ്ടു ദിവസങ്ങള്‍ക്കു ശേഷം  യാദൃശ്ചികമായി ഒരു കണ്ടുമുട്ടല്‍. എനിക്കു നേരെ ഒരു കുറിപ്പു നീട്ടിയിട്ടു പറഞ്ഞു “ ചിത്രത്തെക്കുറിച്ച് എനിക്കു പറയാന്‍ ഉള്ളതു ഒക്കെ ഇതില്‍ ഉണ്ടു“. ഒരു നന്ദി പറച്ചിലിനുപരി ഒരു കലാകാരിയുടെ അംഗീകാരം അതായിരുന്നു ആ കുറിപ്പില്‍, ദേവിയെ എല്ലാവരില്‍ നിന്നും വ്യത്യസ്ത ആക്കിയതും ഇത്തരം ചെറിയ കുറിപ്പുകള്‍.  തന്റെ ഇഷ്ടങ്ങളും പരിഭവങ്ങളും മറ്റുള്ളവരെ ചെറിയ കുറിപ്പുകളില്‍ കൂടി അറിയുക്കുന്ന തികച്ചും വ്യത്യസ്തയായ ഒരു കൊച്ചു മിടുക്കി.  എല്ലാവരുടെയും നല്ല സുഹൃത്ത്. എന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരി, അതിലുപരി എന്റെ പ്രിയപ്പെട്ട സഹോദരി.

സ്കൂള്‍ ജീവിതത്തില്‍ വിടവാങ്ങലിന്റെ വേദന അറിയിച്ചു കൊണ്ടു  അവസാന വര്‍ഷ പരീക്ഷയും എത്താറായി എല്ലാവരും ഓട്ടോഗ്രാഫ് എഴുതുന്നതിന്റേയും മറ്റ് പരീക്ഷാ തയ്യാറെടുപ്പുകളുടേയും തിരക്കില്‍.

ഒരു ദിവസം തികയില്ല നിനക്കുവേണ്ടി എന്തെങ്കിലും എഴുതാന്‍ എന്ന ചിരി കലര്‍ന്ന പരിഭവത്തോടെ ദേവി എന്റെ ഡയറി  വാങ്ങി വീട്ടില്‍ കൊണ്ടു പോയി, ഞാന്‍ അവളുടേതും. ശനിയും ഞായറും ഞാന്‍ അതു തുറന്നതല്ലാതെ എനിക്കു ഒന്നും എഴുതാന്‍ പറ്റിയില്ല. അല്ലെങ്കില്‍ എന്തിനാ ഒരു ഓട്ടോഗ്രാഫ് അവള്‍ ദൂരെ അല്ലല്ലോ. ഇനി പിരിയാനും പോന്നില്ല.ഒന്നും എഴുതാതെ ഞാന്‍ തിങ്കളാഴ്ച സ്കൂളില്‍ എത്തി. ഏ റെ വൈകിയിട്ടും അവള്‍ വന്നില്ല. ഉച്ചയോടെ ആണു ഞങ്ങള്‍ അറിഞ്ഞതു ദേവിക്കും അച്ഛനും ആക്സിഡന്റ് പറ്റി. അന്നു പതിവില്ലാതെ അവള്‍ രാവിലെ അമ്പലത്തില്‍ പോകാന്‍ അച്ഛനെയും കൂട്ടി ഇറങ്ങി. അമ്പലത്തില്‍ നിന്നും സ്കൂളിലേക്കു വരുന്ന വഴി ഏതോ ഓട്ടോയുമായി അവരുടെ സ്കൂട്ടര്‍ കൂട്ടിമുട്ടി. വാര്‍ത്ത അറിഞ്ഞ ഉടനെ ഞങ്ങള്‍ ഹോസ്പിറ്റലിലേക്കു പോയി. ആര്‍ക്കും ഒന്നും വരുത്തരുതെ എന്ന പ്രാര്‍ത്ഥനയോടെ. പക്ഷേ  അവസാനമായി ഒന്നു കാണാന്‍ കഴിയുന്നതിനു മുന്‍പേ ഞങ്ങളെ എല്ലാവരേയും വിട്ടു അവള്‍ ഈ ലോകത്തുനിന്നും പോയിരുന്നു. ഒരുപാടു സ്വപ്നങ്ങള്‍ ബാക്കിയാക്കി.

ഒരു മാസത്തിനു ശേഷം  ഞാന്‍ ദേവിയുടെ വീട്ടില്‍ പോയി ആ അച്ഛനേയും അമ്മേയേയും കാണാന്‍. കരഞ്ഞു കലങ്ങിയ കണ്ണുമായി എന്റെ മുന്നില്‍ നിക്കുന്ന അവരെ കണ്ടപ്പോള്‍ ഞാനും അറിയാതെ കരഞ്ഞു പോയി.  ദേവിയുള്ളപ്പോള്‍ ഉള്ള ആ വീടല്ല ഇന്നു അതു. തികച്ചും ഒരു ശൂന്യത. അമ്മ എന്നെ ദേവിയുടെ മുറിയില്‍ കൂട്ടിക്കൊണ്ടു പോയി. ആ മുറിയില്‍ അവളുള്ളതു പോലെ ഒരു തോന്നല്‍. ദേവി വാങ്ങിക്കൊണ്ടു പോയ എന്റെ ഡയറി തുറന്നു അമ്മ എനിക്കു നേരെ നീട്ടി. അതില്‍ അവസാന താളില്‍ അവള്‍ ഇങ്ങനെ എഴുതിയിരുന്നു.


“കൊഴിഞ്ഞു വീണീടുമൊരിക്കല്‍ ഞാനീ മണ്ണില്‍ ..
.അന്നു നീയെന്‍ ഇതളുകള്‍ നിന്‍ ഓര്‍മ്മയില്‍ പേറീടണം ..
ഉണങ്ങി കറുത്തെന്‍ നിറം മങ്ങിയാലും “

അടുത്ത ജന്മത്തില്‍ ഒരമ്മയുടെ മക്കളായി ജനിക്കേണമേ എന്ന പ്രാര്‍ത്ഥനയോടെ സ്വന്തം ദേവി...

വായിച്ചു കഴിയും മുന്‍പേ ഞാന്‍ ആ അമ്മയെ കെട്ടിപിടിച്ചുറക്കെ കരഞ്ഞു. എല്ലാം മുന്നില്‍ കണ്ടിട്ടാണോ അവള്‍ ഇങ്ങനെ എഴുതിയതു? എല്ലാം അറിഞ്ഞിരുന്നെങ്കില്‍ എന്തിനാണു ഞങ്ങളെ വിട്ടു പോയതു ? എവിടെ ആണെങ്കിലും നന്മ മാത്രം വരണേ എന്നു ഞാന്‍ എന്നും പ്രാര്‍ത്ഥിക്കുന്നു.  അടുത്ത ജന്മത്തില്‍ ഞങ്ങളുടെ ദേവിയായി നീയുണ്ടാവും എന്ന പ്രതീക്ഷയോടെ .....

Sunday, March 28

ഒരു വെബ് സൈറ്റ് നക്കിയ ജീവിതം





ഈ ദുരന്തം മറ്റൊരാള്‍ക്കും വരാതെ ഇരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു!! 


നിവിന്‍ എന്ന പേരിന്റെ അര്‍ത്ഥം കണ്ടു പിടിക്കാന്‍ വളരെ നാളുകളായി പല പല സൈറ്റുകളും കയറി ഇറങ്ങുന്നു. ഇന്നും ആ ശ്രമത്തിനിടയില്‍ കരളലിയിക്കുന്ന ആ കാഴ്ച ഞാന്‍ കണ്ടു.. പ്രത്യേകിച്ചു ഒരര്‍ത്ഥവും ഇതു വരെ കണ്ടു പിടിച്ചിട്ടില്ലാത്ത എന്റെ സ്വന്തം പേരില്‍ എതോ തെമ്മാടി ഒരു വെബ്സൈറ്റ് തുടങ്ങിയിരിക്കുന്നു. അതും പേറ്റന്റ് ആന്റ് ലൈസന്‍സ് സര്‍വീസിനുള്ള വെബ് സൈറ്റ്. ലോകത്തു നിവിന്‍ എന്ന പേരില്‍ പലരും ഉണ്ടെങ്കിലും അവരോടൊന്നും എനിക്കു ഒരു വിരോധവും ഇതു വരെ തോന്നിയിട്ടില്ല. എന്നാല്‍ ഇവന്മാരു എന്നോടു, എന്നോടു മാത്രമല്ല നിവിന്‍ എന്നു പേരുള്ള എല്ലാവരോടും ചെയ്തതു കൊടും ക്രൂരത ആയി പോയി . ഇനി ഈ ജന്മത്തു ഞങ്ങള്‍ക്കു സ്വന്തം പേരില്‍ ഒരു സൈറ്റ് രെജിസ്റ്റെര്‍ ചെയ്യാന്‍ പറ്റുമോ !!




ഞാന്‍ തലതിരിഞ്ഞു പോയാലും പേരെങ്കിലും തലതിരിയരുത് എന്നു കരുതി NiviN എന്നു പേരിട്ട എന്റെ അച്ഛനമ്മമാര്‍ ചെയ്ത ഏക തെറ്റ് പേരിനു പേറ്റെന്റ് എടുത്തില്ല എന്നതാണു. അന്നു അവര്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇന്നു ഞാന്‍ ഇവന്മാരെ കോടതി കയറ്റിയേനെ. വെറുതെ ആത്മരോഷം കൊള്ളാമെന്നല്ലാതെ ഇനി എന്തു ചെയ്യാന്‍. അവന്‍‌മാരു നിവിന്‍ എന്ന പേരെടുത്ത് എല്ലാ റൈറ്റ്സും അവന്റ്റെ കമ്പനിടെ പേരിലാക്കി പുതിയ വ്യാഖ്യാനവും കൊടുത്തു. 


Our company name, Nivin Inc., originates from the South Indian word meaning-new and innovative“
ഇങ്ങനെ ഒരര്‍ത്ഥം ഞാന്‍ ഇതുവരെ എങ്ങും കണ്ടിട്ടില്ല. തല്ലിക്കെടുത്തിയ ആത്മരോഷം വീണ്ടും കത്തിക്കയറി. 





എതോ ഒരു ഡോ. രാമാ പി രാമാനുജം ആണു എന്നെപ്പോലെ ഉള്ള പാവങ്ങളോടു ഈ ചതി ചെയ്തതു. ലോകത്തെ എല്ലാ നിവിന്‍ എന്നു പേരുള്ള സഹോദരന്‍‌മാര്‍ക്കു വേണ്ടി എല്ലാ ഭാഷയിലും നാലു തെറി പറയാം എന്നു കരുതി അവന്‍‌റ്റെ മെയില്‍ അഡ്രസ് കോപ്പി ചെയുമ്പോഴാണു അതു ഞാന്‍ ശ്രദ്ധിച്ചതു. എന്റെ പേരു ‘’നിവിന്‍‘’ എന്നു ആരെയും ഭയക്കാതെ പറയാന്‍ പറ്റാത്ത അവസ്ഥയില്‍ അവന്മാരു ഞങ്ങളെ കുടുക്കി കളഞ്ഞു.





© 2000-2006 Nivin, Inc. All rights reserved.
Nivin is a registered service mark of Nivin, Inc.




നിവിന്‍ എന്ന പേരും അതിന്റെ എല്ലാ റൈറ്റ്സും ഇവന്‍‌മാര്‍ സ്വന്തമാക്കികഴിഞ്ഞു. ഈ പേരുപയോഗിച്ചതിനു ഇനി ഞങ്ങളെ ഏതു നിമിഷവും നിയമത്തില്‍ കുരുക്കില്ലെന്നും ആരു കണ്ടു !! ഈ ദ്രോഹത്തിനു നിന്നോടൊക്കെ ദൈവം ചോദിക്കുമെടാ. നീയൊക്കെ എന്റെ പേരു കൊണ്ടുപോയി ...അങ്ങനെ പേടിച്ചു പിന്മാറാന്‍ എന്നെ കിട്ടില്ലടാ രാമാ...ആര്‍ക്കും വേണ്ടാത്ത പേരുകള്‍ ഉണ്ടല്ലോ ഒരെണ്ണം കിട്ടുമോ എന്നു ഞാന്‍ നോക്കെട്ടു. പേറ്റെന്‍‌റ് എടുക്കാതെ ധൈര്യമായി ഞാന്‍ ജീവിച്ചു കാണിച്ചു തരാം. ഇനി എന്തു എന്നു പകച്ചു നില്‍ക്കുന്ന എന്റെ എല്ലാ നിവിന്‍‌ സഹോദരന്‍‌മാര്‍ക്കും ഈ തീരുമാനം ഒരു മാതൃക ആവട്ടെ !!
Related Posts Plugin for WordPress, Blogger...

About Me

My photo
ചായങ്ങൾ ഉണങ്ങിപ്പിടിച്ച ഒരു കാലത്തിന്റെ ഓർമ്മയ്ക്കായ് ...

Followers